വേണ്ട വിഹിതം ലഭിക്കുന്നില്ല, ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അതേസമയം കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി. മുണ്ടിക്കൽ താഴം ജങ്ഷൻ, മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് സമീപം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുണ്ടിക്കൽ താഴത്ത് യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്ക്കൂളിന് സമീപത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. രണ്ട് സംഭവങ്ങളിലുമായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.