പട്ടിക ജാതി കുടുംബത്തിന്റെ വീട് രാത്രി ജപ്തി ചെയ്ത സംഭവം; താക്കോൽ ബാങ്ക് തിരികെ നൽകി
എറണാകുളം പിറവത്ത് പട്ടിക ജാതി കുടുംബത്തെ രാത്രി ജപ്തി ചെയ്ത് പടിയിറക്കിയ നടപടിയിൽ നിന്ന് പിന്തിരിഞ്ഞ് കാനറ ബാങ്ക്. കളമ്പൂരിലെ രാജൻ – ഓമന ദമ്പതികൾക്ക് ബാങ്ക് അധികൃതർ നേരിട്ടെത്തി വീടിൻ്റെ താക്കോൽ തിരികെ നൽകി.
പിറവം കളമ്പൂരിലെ പട്ടികജാതി കുടുംബം ബാങ്കിൻ്റെ ജപ്തി മൂലം രാത്രി പെരുവഴിയിലായ വാർത്ത 24 ആണ് റിപ്പോർട്ട് ചെയ്തത്. നിമിഷങ്ങൾക്കകം തന്നെ മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് ജപ്തി അനുവദിക്കാനാകില്ലെന്ന നിലപാടെടുത്തു. പിറവം നഗരസഭ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയ പുരത്തിൻ്റെ നേതൃത്വത്തിൽ ജപ്തി ചെയ്ത വീടിൻ്റെ പൂട്ടും പൊളിച്ചു. ഇതോടെയാണ് ബാങ്ക് അധികൃതരും നിലപാട് മയപ്പെടുത്തിയത്. ജപ്തി നടപടികൾ നിർത്തി വെച്ച കാനറ ബാങ്ക് അധികൃതർ നേരിട്ടെത്തി വീടിൻ്റെ താക്കോൽ ഓമനയേയും രാജനേയും ഏൽപ്പിച്ചു.
റീജിണൽ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബാക്കി അടയ്ക്കാനുള്ള തുകയ്ക്ക് സാവകാശം നൽകാമെന്നാണ് ബാങ്കിൻ്റെ ഇപ്പോഴത്തെ നിലപാട്. ജപ്തിയിൽ ജില്ലാ കളക്ടറോട് മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.