കാസർഗോഡ് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം
കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് മൂന്നംഗസംഘം എച്ച് വേണുവിന് നേരെ ആക്രമണം നടത്തിയത്. വേണുവിന്റെ കൈയ്ക്കാണ് പ്രധാനമായും പരുക്കേറ്റത്. മറ്റ് പരുക്കുകൾ ഗുരുതരമല്ല. പ്രദേശത്ത് സമീപകാലത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വേണുവിന് നേരെ മുൻപും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
പൊലീസെത്തി ഇന്നലെ രാത്രി തന്നെ വേണുവിന്റെ മൊഴി എടുത്തിരുന്നു. പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.