തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് മർദനം: ട്രാഫിക് വാര്‍ഡനെതിരെ നടപടി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
നെടുമങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപംവെച്ച് ക്രൂരമായി മർദിച്ചത്. ഒരു യുവാവിനെ കസേരയിലിരുത്തി രണ്ടു വാർഡൻമാർ ചേർന്നു മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടും മെഡിക്കൽകോേളജ് പോലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മെഡിക്കൽകോേളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാൻ വന്നവരാണ് മർദനത്തിനിരയായതെന്നാണ് വിവരം. പുറത്തുപോയി വന്ന ഇവർ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമായത്.
വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൂടുതൽ ട്രാഫിക് വാർഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം എത്തിക്കുകയായിരുന്നു. തുടർന്ന് അവിടെ കസേരയിൽ ഇരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. അതേസമയം ഒ.പി.യിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡിക്കൽകോേളജ് ജീവനക്കാർ പറയുന്നത്.