Wednesday, January 8, 2025
Kerala

ട്രാഫിക് എസ് ഐ ഓടിച്ച കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; എസ് ഐ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ

 

തിരുവനന്തപുരം പട്ടത്ത് എസ് ഐ ഓടിച്ചിരുന്ന കാറിടിച്ച് അപകടം. ട്രാഫിക് എസ് ഐ അനിൽകുമാർ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തു നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത്. എസ് ഐ അനിൽകുമാർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം പട്ടം കോസ്മോ ആശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടം നടന്നത്. ട്രാഫിക് എസ്ഐ അനിൽകുമാർ ഓടിച്ച ആൾട്ടോ കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത് അതിൽ ഒരു ബൈക്കിൽ ഒരാൾ ഇരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തെത്തിയ പൊലീസ് എസ് ഐയെ മാറ്റി നിർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബൈക്കിൽ ഉണ്ടായിരുന്ന ആളുകൾ ട്രാഫിക് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

മാത്രമല്ല എസ് ഐ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. സംഭവ സ്ഥലത്ത് നിന്നും പൊലീസുകാർ എസഐയെ അതിവേഗം അവിടുന്ന് മാറ്റുകയായിരുന്നെനും നാട്ടുകാർ പറയുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. അനിൽകുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും, തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കുടമകൾക്ക് നഷ്ടപരിഹാരം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *