തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അഭിനന്ദിച്ച് മന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലന്‍ കുമാറിനേയും (53) കരള്‍ പകുത്ത് നല്‍കിയ സഹോദരി ഭര്‍ത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു.
വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലന്‍കുമാറും ഭാര്യയും പറഞ്ഞു. ഒക്‌ടോബര്‍ ആറാം തീയതിയാണ് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഹെലന്‍ കുമാറിന് നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു.
20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായതിനാല്‍ ഹെലന്‍ കുമാറിനേയും ജോണിനേയും ഡിസ്ചാര്‍ജ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.