കൊല്ലത്ത് വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കൃത്യം മോഷണശ്രമത്തിനിടെ
കൊല്ലം കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് എഴുപതുകാരനെ കഴുത്തു ഞെരിച്ചു കൊന്നത്. രണ്ട് കൊലപാതകികളെ പോലീസ് പിടികൂടി
പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. കഴുത്തിലും ഇരുകാലുകളുടെ മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മതതദേഹം. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണമാലയും വീട്ടിലുണ്ടായിരുന്ന ടോർച്ചും കാണാനില്ലെന്ന് മകൻ പോലീസിന് മൊഴി നൽകിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് പൊതിയാരുവിള സ്വദേശിയായ രമേശൻ എന്നയാൾ സ്വർണമാല വിൽക്കാൻ കടയിൽ എത്തിയത്. ഇത് ഗോപാലന്റേതാണെന്ന് തിരിച്ചറിയുകയും രമേശനെ ചോദ്യം ചെയ്യുകയുമായിരുന്നു. സുഹൃത്തായ ജയന്റെ സഹായത്തോടെയാണ് ഗോപാലനെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് ജയനെയും പോലീസ് പിടികൂടി