ഗവര്‍ണര്‍ അജണ്ട നിശ്ചയിക്കുന്നത് ആര്‍എസ്എസ് കേന്ദ്രത്തില്‍ പോയശേഷം’; ആഞ്ഞടിച്ച് മന്ത്രി ആര്‍ ബിന്ദു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഗവര്‍ണര്‍ ബിജെപിയുടെ തീരുമാനങ്ങള്‍ ഒളിച്ചുകടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. ആര്‍എസ്എസ് കേന്ദ്രത്തില്‍ പോയശേഷമാണ് ഗവര്‍ണര്‍ അജണ്ട നിശ്ചയിക്കുന്നത്. സര്‍വകലാശാലകളെ നാഥനില്ലാ കളരിയാക്കി മാറ്റാനാണ് ചാന്‍സിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു.
സര്‍വകലാശാലകളെ നാഥനില്ലാ കളരികളാക്കി മാറ്റിക്കൊണ്ട് കേരളത്തില്‍ നാം നടത്താന്‍ ആഗ്രഹിക്കുന്ന സമഗ്ര പരിഷ്‌കരണത്തിന്റെ മുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കുന്നതിനും തിരിച്ചടികള്‍ നല്‍കുന്നതിനും വേണ്ടിയാണ് ഗവര്‍ണറുടെ ശ്രമം. ഇതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് കാണണം. കേന്ദ്രം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്ര ശാസ്ത്രപരമായ ഇടപെടലുകളാണ് നടക്കുന്നത്. മന്ത്രി പറഞ്ഞു.
സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ഗവര്‍ണര്‍ പരസ്യമായി വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായതിന് പിന്നാലെയാണ് മന്ത്രിയുടെ വിമര്‍ശനങ്ങള്‍. ആര്‍എസ്എസ് നോമിനിയെ നിയമിച്ചുവെന്ന ആരോപണം തെളിയിച്ചാല്‍ രാജിവെക്കാമെന്നാണ് ഗവര്‍ണറുടെ വെല്ലുവിളി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണമുണ്ടല്ലോ. അതിലെ ആള്‍ക്കാര്‍ പുസ്തകങ്ങള്‍ വരെ ഇറക്കുന്നു. സ്വര്‍ണക്കടത്തു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ അടക്കമുള്ള വിഷയങ്ങള്‍ താന്‍ പരിശോധിക്കുന്നുണ്ട്. എം.ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്തിനായിരുന്നു?… സ്വപ്നയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയാണ്. സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെ കുറിച്ചും പരാമര്‍ശിച്ച ഗവര്‍ണര്‍ ക്രമക്കേടുകള്‍ എവിടെ കണ്ടാലും ഇടപെടുമെന്നും പറഞ്ഞു.