ട്വിറ്ററിൽ നീല ടിക്കിനു മാസവാടക അടുത്ത ആഴ്ച മുതൽ
ട്വിറ്ററിൽ നീല ടിക്കിനു മാസവാടക അടുത്ത ആഴ്ച മുതലെന്ന് റിപ്പോർട്ട്. 8 ഡോളർ (ഏകദേശം 700 രൂപ) മാസവാടകയാവും നീല ടിക്കിനു നൽകേണ്ടത്. നിലവിൽ നീല ടിക്ക് ഉള്ളവർക്ക് വരുന്ന രണ്ടോ മൂന്നോ മാസം കൂടി സൗജന്യമായി ഇത് തുടരാം. അതിനു ശേഷം പണം അടയ്ക്കണം.
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കിയേക്കുമെന്നും സൂചനയുണ്ട്. ഈ ആഴ്ച തന്നെ സേവനം ആരംഭിക്കും.
ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ പറയുന്നു. പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈൻ പാലിക്കാൻ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
ഓവർടൈം ചെയ്യുന്ന ജോലിയുടെ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നത്. എഞ്ചിനീയർമാർക്ക് നവംബർ ആദ്യം സമയപരിധി നൽകിയിട്ടുണ്ടെന്നും ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നും പറയുന്നു.