പോപ്പുലര്‍ ഫ്രണ്ടിലെ യുവാക്കളെ ലീഗിലേക്ക് ക്ഷണിച്ച് കെ എം ഷാജി
തെറ്റിദ്ധാരണകളില്‍ പെട്ടുപോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി മുസ്ലീം ലീഗിന്റെ വാതിലുകള്‍ തുറന്നുവയ്ക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മലപ്പുറം വളാഞ്ചേരിയില്‍ ‘മഹാത്മ സമാധാനത്തിന്റെ രാഷ്ട്രീയം’എന്ന പേരില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ലീഗിലേക്ക് വരാമെന്ന് കെ എം ഷാജി സൂചിപ്പിച്ചത്. തെറ്റിദ്ധരിച്ചുപോയ എന്‍ഡിഎഫിന്റെ കുട്ടികള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തിരിച്ചുവരണമെന്നും അവര്‍ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നുമായിരുന്നു ഷാജിയുടെ വാക്കുകള്‍.
‘എന്‍ഡിഎഫിലേക്ക് നിരവധി കുട്ടികള്‍ പെട്ടുപോയിട്ടുണ്ട്. തീവ്രവാദിയെന്ന് ചാപ്പകുപ്പി ആ കുട്ടികളെ തെരുവില്‍ തള്ളിയിടുകയാണോ വേണ്ടത്? തെരഞ്ഞെടുപ്പ് വരുമ്പോള്‍ അടുക്കള വാതിലിലൂടെ കടന്നുചെന്ന് അവരുടെ വോട്ട് വാങ്ങി പെട്ടിയിലിടുകയാണോ വേണ്ടത്?’ കെ എം ഷാജി ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ടുകാരെ ലീഗിലേക്ക് ക്ഷണിച്ച കെ എം ഷാജിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്ന ഡോ തോമസ് ഐസക്കിന് മറുപടിയായായിരുന്നു കെ എം ഷാജിയുടെ ചോദ്യങ്ങള്‍.
എന്‍ഡിഎഫിന്റെ രൂപീകരണ കാലം മുതല്‍ അതിനെ എതിര്‍ത്തത് ലീഗാണെന്ന് കെ എം ഷാജി പറയുന്നു. ‘വോട്ടുകള്‍ എണ്ണിനോക്കുമ്പോള്‍ ജയിക്കാന്‍ ചെറിയ വോട്ടുകളുടെ വ്യത്യാസമുണ്ടായിട്ടും എന്‍ഡിഎഫിന്റെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ പാര്‍ട്ടിയാണ് ലീഗ്. അന്ന് ഇരുട്ടിന്റെ മറവില്‍ എന്‍ഡിഎഫുകാരന്റെ ഓഫിസില്‍ കയറി വോട്ട് കച്ചവടം ചെയ്ത നേതാക്കന്മാര്‍ക്ക് ഞങ്ങള്‍ പറയുന്നത് മനസിലാകില്ല’. കെ എം ഷാജി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച സംഘടനയാണെങ്കില്‍ അതിന് മുമ്പേ നിരോധനം നേരിട്ട സിമി നേതാവിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലേ എന്നും കെ എം ഷാജി ചോദിച്ചു.