രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് എസ്.ഡി.പി.ഐ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച നടപടി ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ അറസ്റ്റും റെയ്ഡും നടത്തുന്നു. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെ നിരോധിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.