ചെറുനാരങ്ങ മുതല്‍ ടൂത്ത് പേസ്റ്റ് വരെ; ഇവ മുഖചര്‍മ്മത്തില്‍ പുരട്ടിയുള്ള പരീക്ഷണങ്ങള്‍ വേണ്ട
ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് ഷോര്‍ട്ട്‌സ് മുതലായവ സജീവമായതോടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിരവധി ഹാക്കുകള്‍ക്ക് പ്രചാരം കൂടി. രണ്ടാമതൊന്ന് ചിന്തിക്കാതെ ഇത്തരം ടിപ്‌സ് പരീക്ഷിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്. നിങ്ങളുടെ പ്രീയപ്പെട്ട ബ്യൂട്ടി ബ്ലോഗര്‍ പറഞ്ഞാല്‍ പോലും മുഖചര്‍മ്മത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഏതൊക്കെയെന്ന് അറിയാം…
ചെറുനാരങ്ങ
വൈറ്റമിന്‍ സിയുടെ കലവറയാണെങ്കിലും ചെറുനാരങ്ങ നേരിട്ട് അതേപടി മുഖ ചര്‍മ്മത്തില്‍ പുരട്ടരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന Psoralen എന്ന രാസവസ്തു സൂര്യപ്രകാശത്തോട് ചര്‍മ്മം കൂടുതലായി പ്രതികരിക്കുന്നതിന് കാരണമാകുന്നു. ഇത് സൂര്യാഘാതത്തിലേക്ക് ഉള്‍പ്പെടെ നയിച്ചേക്കാം.
ടൂത്ത് പേസ്റ്റ്
ബ്ലാക്ക് ഹെഡ്‌സ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലരും ടൂത്ത് പേസ്റ്റ് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിലും പാടുകളിലും ടൂത്ത് പേസ്റ്റ് നേരിട്ട് പുരട്ടുന്നത് ആ ഭാഗത്ത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനേ ഉപകരിക്കൂ.
Read Also: അടുക്കളയിലുള്ള ഈ സാധനങ്ങള്‍ മാത്രം മതി, മുടി സില്‍ക്ക് പോലെ തിളങ്ങും
ഷാംപൂ
മുഖ ചര്‍മ്മം വൃത്തിയാക്കുന്നതിനായി ഷാംപൂ ഉപയോഗിക്കുന്നത് ഒരിക്കലും ഒരു നല്ല ആശയമല്ല. ഷാംപൂവില്‍ വളരെ വീര്യമുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ നേര്‍ത്ത പുറംപാളിയ്ക്ക് ഇവ ദോഷം ചെയ്‌തേക്കാം.
പശ
പീല്‍ ഓഫ് മാസ്‌കുകളും മറ്റും വീട്ടിലുണ്ടാക്കാന്‍ പശ ഉപയോഗിക്കാമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ പശ ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വലുതാകാനും കാരണമാകുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ നേരിട്ട് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നൈസര്‍ഗികമായ പിഎച്ച് ബാലന്‍സ് തകര്‍ക്കുന്നു. ഇതുമൂലം പാടുകളും മുഖക്കുരുവും കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.