ടെലിവിഷൻ ചർച്ചകളിൽ ചിലർ മദ്യപിച്ചാണ് പങ്കെടുക്കുന്നത്: ശ്രീകണ്ഠൻ നായർ
ടെലിവിഷൻ ചർച്ചകളിൽ ചില ആളുകൾ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്ന് ട്വന്റി ഫോർ ന്യൂസ് എം.ഡി ശ്രീകണ്ഠൻ നായർ. ചാനൽ ചർച്ചകളിൽ ചില ആളുകൾ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു എന്ന് ശ്രീകണ്ഠൻ നായർ ട്വന്റി ഫോർ ന്യൂസിലെ വാർത്താ അവതരണത്തിനിടയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനും, ചർച്ച നയിച്ച വിനു വി ജോണിനുമെതിരെ അഡ്വ. മനീഷ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ച തുടങ്ങുന്നതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ മനീഷ എന്ന് പറയുന്ന സ്ത്രീക്കും അവളുടെ കുഞ്ഞിനും ഉണ്ടായ വിഷമത്തിൽ നിന്നോ മാനസിക ദുഃഖത്തിൽ നിന്നോ ഒരിക്കലും മോചനം നേടാൻ ഈ ഖേദപ്രകടനം കൊണ്ട് സാധിക്കില്ല എന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു.
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ‘വെളിപ്പെടുന്നത് വൻ ബന്ധങ്ങളോ’ എന്ന പേരിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് നടത്തിയ ചർച്ചയിലാണ് സഹിൻ ആന്റണിക്കും ഭാര്യ മനീഷ രാധാകൃഷ്ണനും കുഞ്ഞിനുമെതിരെ അപകീർത്തികരമായ പരാമർശം റോയ് മാത്യു നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസിൽ ന്യൂസ് അവർ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശം സ്ത്രീ വിരുദ്ധമാണെന്നും ഒരു കുഞ്ഞിന്റെ അവകാശങ്ങൾക്ക് നേരെയുള്ള അക്രമം ആണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.
“മാത്രവുമല്ല ഈ അടുത്ത കാലത്തായിട്ട് ടെലിവിഷൻ ചർച്ചകളിൽ എന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യം വളരെ ഒറ്റപെട്ടതെങ്കിൽ പോലും ചില ആളുകൾ ഇത്തരം ചർച്ചകളിൽ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്നുള്ളതാണ്. അപ്പോൾ ഈ മദ്യപിച്ചതിന് ശേഷം ഇവർ പറയുന്ന വെളിപാടുകളും വെളിപ്പെടുത്തലുകളുമാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത് അതും അപകടം പിടിച്ചൊരു പോക്കാണ്. എന്തായാലും ആർക്കോ വേണ്ടി പറഞ്ഞ ഈ ഒരു ഖേദം പ്രകടിപ്പിക്കാൻ കൊണ്ട് യഥാർത്ഥത്തിൽ ഈ അഡ്വകേറ്റ് മനീഷ എന്ന് പറയുന്ന സ്ത്രീക്കും അവളുടെ കുഞ്ഞിനും ഉണ്ടായ വിഷമത്തിൽ നിന്നോ മാനസിക ദുഃഖത്തിൽ നിന്നോ ഒരിക്കലും മോചനം നേടാൻ ഈ ഖേദപ്രകടനം മതിയായിട്ടില്ല” ശ്രീകണ്ഠൻ നായർ പറഞ്ഞു