ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ സി.പി.എം പ്രതിനിധികൾ പങ്കെടുക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചർച്ച പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം. സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനമെന്ന് സിപിഐഎം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ചാനൽ ചർച്ചകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാരകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്.