പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ രാജിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാലക്കാട്ടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവെച്ചു. രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയതായി ശ്രീകണ്ഠൻ അറിയിച്ചു. മറ്റ് ജില്ലകളിലും നേതൃത്വം മാറുമെന്നാണ് സൂചന
നേരത്തെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചിരുന്നു. വി വി പ്രകാശിന്റെ മരണത്തോടെ മലപ്പുറത്തും ഡിസിസി പ്രസിഡന്റില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് ടിജെ വിനോജ് എംഎൽഎക്ക് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയാണുള്ളത്.
ഇതോടെ പേരിനെങ്കിലും പുനഃസംഘടന നടത്താനുള്ള തീരുമാനത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് സോണിയ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളിയെ പുറത്താക്കുന്നത് സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്.