തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കുമാകില്ല; ആരുടെയും ഔദാര്യം വേണ്ടെന്നും ശിവദാസൻ നായർ
ഡിസിസി പുനഃസംഘടനക്കെതിരെ പരസ്യവിമർശനം നടത്തിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കെ ശിവദാസൻ നായർ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. പാർട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമർശിച്ച ആളുകൾ നയിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന് ശിവദാസൻ നായർ തുറന്നടിച്ചു
വളരെ കാലമായി സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് പാർട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വരുമ്പോഴും പാർട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും അവർക്ക് താക്കീത് പോലും നൽകാൻ ആരുമുണ്ടാകുന്നില്ല. അതൊക്കെ പാർട്ടിയെ സംബന്ധിച്ചുണ്ടായ പുഴുക്കുത്തുകളാണ്. താൻ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടില്ല. പാർട്ടിയുടെ നയത്തെ എതിർത്തിട്ടില്ല
സംഘടനാ സംവിധാനം നന്നാക്കുന്നതിന് വേണ്ടി സദുദ്ദേശപരമായ വിമർശനം മാത്രമാണ് നടത്തിയത്. എന്നാൽ വിമാനം നടത്താൻ വളരെ സീനിയറായ തനിക്ക് അവകാശമില്ലെങ്കിൽ ആ പ്രസ്ഥാനം കോൺഗ്രസ് അല്ലാതാകുന്നുവെന്നാണ് അർഥം.
വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയല്ല. തനിക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല. തെറ്റായ കാര്യങ്ങൾ പറഞ്ഞിട്ടില്ല. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും സാധിക്കില്ല. പാർട്ടിയുടെ വളർച്ചയിൽ തന്റെ അധ്വാനവുമുണ്ടെന്ന് ശിവദാസൻ നായർ പറഞ്ഞു.