Wednesday, January 8, 2025
Kerala

സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ പ്രവർത്തിക്കും. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ നാളെ ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന്‌ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി.

പെൻഡിംഗ്‌ ഫയലുകൾ ‌ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടൽ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ നടത്തുന്നുണ്ട്‌‌. കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *