ചായയ്ക്ക് 20 രൂപ; സർവീസ് ചാർജ് 50 രൂപ; ബില്ല് നൽകി വിവാദത്തിലായി ശതാബ്ദി എക്‌സ്പ്രസ്
ഒരു ചായയുടെ വില എത്ര ? സാധാരണ കടകളിൽ പത്ത് മുതൽ 15 രൂപ വരെ വാങ്ങിക്കാറുണ്ട്. സ്റ്റാർ ഉയർന്ന കടകളിലാണെങ്കിൽ വില അതിലും ഉയരും. എന്നാൽ ശതാബ്ദി എക്‌സ്പ്രസിൽ നിന്ന് ചായ കുടിച്ചാൽ പൊള്ളും. ചായയുടെ ചൂട് കാരണമല്ല. വില കാരണം. 70 രൂപയാണ് ശതാബ്ദി എക്‌സ്പ്രസിൽ നിന്ന് ചായ വാങ്ങിയ വ്യക്തിയിൽ നിന്ന് ഈടാക്കിയത്.
ഡൽഹിയിൽ നിന്ന് ഭോപാലിലേക്കുള്ള യാത്രാ മധ്യേ ചായ വാങ്ങിയ യാത്രക്കാരനാണ് ചായയുടെ വില കേട്ട് കണ്ണ് തള്ളി നിന്നത്. ചായയ്ക്ക് 20 രൂപയും സർവീസ് ചാർജായി 50 രൂപയും ഈടാക്കി, മൊത്തം 70 രൂപയാണ് അധികൃതർ ചായയ്ക്ക് നൽകിയ വില. ആക്ടിവിസ്റ്റ് ബാൽഗോവിന്ദ് വർമ ചായയുടെ ബില്ല് ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമായി.
2018 ലെ ഇന്ത്യൻ റെയിൽവേയുടെ സർകുലർ പ്രകാരം എക്‌സ്പ്രസ് ട്രെയ്‌നുകളിൽ മുൻകൂറായി ബുക്ക് ചെയ്യാത്ത ഭക്ഷണത്തിന് യാത്രക്കാരൻ 50 രൂപ സർവീസ് ചാർജായി നൽകണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.