കെഎസ്ആർടിസി ഡിപ്പോകളിലെ നവീകരിച്ച 72 ടോയിലറ്റുകളുൾ; യാത്രക്കാർക്ക് തുറന്നുകൊടുത്തത് മന്ത്രി ആന്റണി രാജു
കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു യാത്രക്കാർക്ക് തുറന്നു കൊടുത്തു. കെഎസ്ആർടിസി സ്റ്റേഷനുകളിലെ ടോയിലെറ്റുകൾ വൃത്തിഹീനമാണെന്ന പരാതികൾ ഉണ്ടായതിനെ തുടർന്ന് പ്രഖ്യാപിച്ചതാണ് ടോയിലറ്റ് നവീകരണം.
ഇതിന് വേണ്ടി എല്ലാ ഡിപ്പോകളിലും ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാര്‍ ചെയര്‍മാനായും, മറ്റ് ഉദ്യോഗസ്ഥര്‍, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു സിവിൽ മെയിന്റിനൻസ് ആന്റ് വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് അവരെ നിർമ്മാണ പ്രവർത്തനം ഏൽപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൂർത്തിയായ 72 ടോയിലറ്റുകളുടെ നിർമ്മാണമാണ് മന്ത്രി ഓൺലൈനായി നിർവഹിച്ചത്.
ഒരു ഡിപ്പോയിലെ ടോയിലറ്റിന് 5 ലക്ഷം രൂപ വരെ ഉപയോഗിച്ച് പുനർ നിർമ്മിച്ചാണ് കെ.എസ്.ആര്‍ ടി.സിയുടെ ആകെയുള്ള 93 ഡിപ്പോകളിൽ നിന്നുള്ള 72 ഡിപ്പോകളിൽ പുതിയ ടോയിലറ്റുകൾ നവീകരിച്ചത്. 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് “Take a Break” പദ്ധതി പ്രകാരം ടോയിലറ്റുകള്‍ നിർമ്മിച്ചിട്ടുണ്ട്. എറണാകുളത്ത് Lions Club”മായി ചേർന്നാണ് ടോയിലറ്റ് നവീകരിക്കുന്നത്.
ഈ പദ്ധതി വിജയകരമായ പശ്ചാത്തലത്തിൽ ഈ രീതിയിൽ തന്നെ സംസ്ഥാനത്തെ മുഴുവൻ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളും ആധുനിക വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോകൾക്ക് പൊതുവായി ഒരു നിറം നൽകുന്നതിന് വേണ്ടി സിഎംഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഏകീകൃത രീതിയിലുളള കസേരകൾ, പുതിയ ഫാനുകൾ, എൽ ഇ ഡി ലൈറ്റുകൾ, സൗജന്യ കുടിവെള്ളം, ടിവി സൗണ്ട് സിസ്റ്റം എന്നിവ സജ്ജീകരിക്കും. 10 ലക്ഷം രൂപ ഓരോ ഡിപ്പോയ്ക്കും പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച് ആറുമാസത്തിനകം പ്രവർത്തനം പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.