ശമ്പളത്തിനായി പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞ വിഷയമല്ല : മന്ത്രി ആന്റണി രാജു
ശമ്പളത്തിനായി പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞ വിഷയമല്ലെന്നു മന്ത്രി ആന്റണി രാജു. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ശമ്പളം ലഭിക്കാത്തതിന് മുൻപും കെഎസ്ആർടിസിയിൽ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി ആൻറണി രാജു വ്യക്തമാക്കി.
മാർച്ച് 31നാണ് ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി നടപടി കൈക്കൊള്ളുന്നത്.
വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റിയിരിക്കുകയാണ്. അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
കാൻസർ അതിജീവിത കൂടിയായ അഖില പതിമൂന്ന് വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. വൈക്കത്താണ് അഖിലയുടെ വീട്. വൈക്കം ഡിപ്പോയിൽ തന്നെയാണ് അഖിലയ്ക്ക് ജോലിയും ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധിച്ചതിന്റെ പേരിൽ പാല യൂണിറ്റിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്. അൻപത് കിലോമീറ്റർ ധൂരമുണ്ട് നിലവിൽ അഖിലയ്ക്ക് വീട്ടിലേക്ക്.