ട്രെയിൻ തീപിടുത്തത്തിൽ വഴിത്തിരിവ്; സിസിടിവിയിൽ കണ്ടത് പ്രതിയല്ലെന്ന് പൊലീസ്
ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിൽ വഴിത്തിരിവ്. ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്.
യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.
അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡിജിപി ഇന്ന് തന്നെ കണ്ണൂരിലെത്തും.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ അജ്ഞാതൻ തീവച്ചത്. സംഭവത്തിൽ ഒൻപത് പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിൻസ് എന്നയാളെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ്.