Thursday, January 23, 2025
Kerala

എലത്തൂരിലെ ട്രെയിന്‍ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ഡിജിപി

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രികര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നുവെന്ന് പൊലീസ് മേധാവി അനില്‍ കാന്ത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും.

അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡിജിപി ഇന്ന് തന്നെ കണ്ണൂരിലെത്തും. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ബാഗും മൊബൈല്‍ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അല്‍പസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കില്‍ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്.

ആക്രമണത്തിന് ശേഷം 11.26നാണ് പ്രതി ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇതിന് ശേഷം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതി രക്ഷപെടുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *