‘കൃത്യം നടത്തിയത് 25 വയസ് പ്രായമുള്ള ചെറുപ്പക്കാരൻ’ : മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്ടെ ട്രെയിൻ ആക്രമണം ഞെട്ടിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
25 വയസ് പ്രായമുള്ള ചെറുപ്പക്കാരനാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
അതിനിടെ, കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടു. തീകൊളുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചുവന്ന ഷർട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ബാഗും മൊബൈൽ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അൽപസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കിൽ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.
ആക്രമണത്തിന് ശേഷം 11.26നാണ് പ്രതി ഫോൺ വിളിക്കാൻ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. ഇതിന് ശേഷം ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രതി രക്ഷപെടുന്നുമുണ്ട്.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ അജ്ഞാതൻ തീവച്ചത്. സംഭവത്തിൽ ഒൻപത് പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിൻസ് എന്നയാളെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ്.