ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 525.45 കോടി
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525.45 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. വൻകിട-ഇടത്തരം ജലസേചന പദ്ധതികൾക്കായി 184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികൾക്കായി 169.18 കോടി രൂപയും നീക്കിവച്ചു. വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും വകയിരുത്തി.
ഇടമലയാർ ജലസേചന പദ്ധതികൾക്കായി പത്തു കോടി രൂപ വകയിരുത്തി. കാവേരി നദീതടത്തിലെ ജലവിഭവങ്ങളുടെ വിനിയോഗത്തിനായി ഇടത്തരം ചെറുകിട ജലസേചന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര നദീതടവികസന പദ്ധതി നടപ്പാക്കും. 2026 നു മുൻപ് സംസ്ഥാനത്തെ പണിതീരാതെ കിടക്കുന്ന എല്ലാ വലിയ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
കാരാപ്പുഴ, ബാണാസുരാസാഗർ എന്നീ ജലസേചന പദ്ധതികൾ 2025 കമ്മീഷൻ ചെയ്യും. കാരാപ്പുഴ പദ്ധതിയുടെ വകയിരുത്തൽ 17 കോടിയിൽ നിന്ന് 20 കോടി രൂപയായി വർദ്ധിപ്പിച്ചു. ബാണാസുരാസാഗർ പദ്ധതിയുടെ വികസനത്തിനായി വകയിരുത്തൽ 12 കോടിയിൽ നിന്ന് 18 കോടി രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. കാവേരി നദീതടത്തിലെ ചെറുകിട ജലസേചന പദ്ധതികൾക്കായി 2.6 0 കോടി രൂപ വകയിരുത്തുന്നു.
ഭവാനി നദീതടത്തിൽ ചെറുകിട ജലസേചന പദ്ധതികൾ നിർമ്മിക്കുന്നതിനും അട്ടപ്പാടിയിൽ തടയണ നിർമ്മിക്കുന്നതിനായി 1.80 കോടി രൂപ ഈ ബജട്ടിൽ വകയിരുത്തി.