ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ്; മൂന്ന് പാക്കേജുകള്‍ക്കും 75 കോടി വീതം
ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും കാര്‍ഷിക മേഖലക്കായി വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപ മാറ്റി വെച്ചു.
ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ വികസനത്തിനായാണ് പ്രത്യേക പാക്കേജ്. മൂന്ന് പാക്കേജുകള്‍ക്കും 75 കോടി രൂപ വീതം അനുവദിച്ചു. രണ്ടാം കുട്ടനാട് പാക്കേജിനായുള്ള തുക 87 കോടിയില്‍ നിന്ന് 137 കോടി രൂപയായി ഉയര്‍ത്തി.
കാര്‍ഷിക മേഖലക്കായി 971.71 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 156.30 കോടി രൂപ കേന്ദ്ര സഹായം ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. വിള പരിപാലന മേഖലക്കായി 732.46 കോടി രൂപ മാറ്റിവെച്ചു: നെല്‍ കൃഷി വികസനത്തിന് നീക്കിവെക്കുന്ന തുക 76 കോടിയില്‍ നിന്ന് 95.10 കോടി രൂപയായി ഉയര്‍ത്തി. നാളികേരത്തിന്റ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയായി ഉയര്‍ത്തി. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വിലയിടിവ് തടയുന്നതിന് 600 കോടി രൂപ അനുവദിച്ചു. കയര്‍ ഉല്‍പ്പന്നങ്ങളുടെയും ചകിരിയുടെയും വില സ്ഥിരത ഫണ്ടിനായി 38 കോടി രൂപ അനുവദിച്ചു. കശുവണ്ടി മേഖലയുടെ പുനരുജീവന പാക്കേജിനായി 30 കോടിയും കാഷ്യൂ ബോര്‍ഡിന്റെ റിവോള്‍വിംഗ് ഫണ്ടിനായി 43.55 കോടിയും മാറ്റിവെച്ചു.
വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ കൃഷി വകുപ്പിന് കീഴില്‍ 2 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ച നിരക്ക് കൈവരിച്ചു എന്നാണ് സര്‍ക്കാര്‍ വാദം. ബജറ്റില്‍ കാര്‍ഷിക മേഖലക്കായി പ്രഖ്യാപിക്കപ്പെട്ടതൊക്കെ നടപ്പിലായാല്‍ വളര്‍ച്ച നിരക്ക് ഇനിയും ഉയരും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.