Thursday, January 9, 2025
Kerala

ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട് പുനഃസ്ഥാപിക്കണം: സി മുഹമ്മദ് ഫൈസി

 

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. 80 ശതമാനം ഹജ്ജ് അപേക്ഷകളും മലബാര്‍ മേഖലയില്‍ നിന്നാണ്. 20 ശതമാനത്തില്‍ താഴെ ഹജ്ജ് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊച്ചി വിമാനത്താവളത്തെ എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കിയത് അനീതിയാണ്. കേന്ദ്ര സര്‍ക്കാറും ഹജ്ജ് – എവിയേഷന്‍ മന്ത്രാലയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും തീരുമാനം തിരുത്തണമെന്ന് സി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2019ല്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 13457 പേരാണ് കേരളത്തില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടത്. 11204 (83.25%) പേര്‍ കോഴിക്കോട് (കരിപ്പൂര്‍) നിന്ന് യാത്ര പുറപ്പെട്ടപ്പോള്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ നിന്നായി 2253 പേര്‍ മാത്രമാണ് കൊച്ചി വിമാനത്താവളത്തെ ഉപയോഗപ്പെടുത്തിയത്.

2020ല്‍ ഹജ്ജിനു 26,064 പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചവരില്‍ 20881 (80.11%) പേര്‍ കോഴിക്കോട് ആണ് എംബാര്‍ക്കഷന്‍ പോയിന്റായി തിരഞ്ഞെടുത്തിരുന്നത്. അഞ്ചിലൊന്ന് പേര്‍ മാത്രമാണ് കൊച്ചി വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല ഉത്തര മലബാര്‍ ജില്ലകളില്‍ നിന്ന് പ്രായമായ ഹാജിമാര്‍ 10 മണിക്കൂറിലധികം യാത്ര ചെയ്താണ് കൊച്ചിയിലെത്തുന്നത്. 2015 ല്‍ റെണ്‍വേ റീ കാര്‍പറ്ററിംഗ് വര്‍ക്കിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് മാറ്റിയത്. തുടര്‍ന്ന് വന്ന 2016, 2017, 2018 വര്‍ഷങ്ങളിലും കൊച്ചിയില്‍ നിന്നാണ് ഹജ്ജ് യാത്ര നടത്തിയത്.

സംസ്ഥാന സര്‍ക്കാറിന്റെയും, ജന പ്രതിനിധികളുടെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും ഇടപെടലും, ശക്തമായ ജനകീയ പ്രക്ഷോഭവും കാരണം 2019 ല്‍ കോഴിക്കോട് അന്താരാഷട്ര വിമാനത്താവളം വീണ്ടും എംബാര്‍ക്കേഷന്‍ പോയിന്റായി പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം ലഘൂകരിച്ചപ്പോള്‍ കോഴിക്കോടിനെ ഒഴിവാക്കി.

ആയിരക്കണക്കിന് ഹാജിമാര്‍ എംബാര്‍ക്കേഷന്‍ പോയന്റായി ഉപയോഗിച്ചിരുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി കോടിക്കണക്കിനു രൂപ ചിലവഴിച്ച് 2007ല്‍ ഹജ്ജ് ഹൗസ് സ്ഥാപിച്ചത്. പുതുതായി 8.2 കോടിയോളം രൂപ ചെലവഴിച്ച് ഇവിടെ വനിതാ ബ്ലോക്കും, സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനവുമെല്ലാം ഉണ്ടായിരിക്കെ ഇതെല്ലാം ഒഴിവാക്കി കൊച്ചിയിലേക്ക് എംബാര്‍ക്കേഷന്‍ മാറ്റുന്നത് ഹാജിമാര്‍ക്ക് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്ന നടപടിയാണ്.

1988 ല്‍ സ്ഥാപിതമായ കരിപ്പൂര്‍ വിമാനത്താവളത്തെ 1992 ഓടെ അന്തരാഷ്ട്ര വിമാനത്താവളമായി മാറി. വലിയ വിമാനങ്ങള്‍ നിരവധി ഇറങ്ങിയിരുന്നു. ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് എന്ന പേരു പറഞ്ഞാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണനയാരംഭിച്ചത്. 2017 – 18 വര്‍ഷം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വിമാനത്താവളങ്ങളില്‍ മികച്ച സ്ഥാനവും കോഴിക്കോട് വിമാനത്താവളത്തിനുണ്ട്.

2020 ലെ യാദൃശ്ചികമായ വിമാന ദുരന്തത്തിന്റെ പേരില്‍ വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അനുമതി നിഷേധിക്കുകയായിരുന്നു. റണ്‍വേയുടെ സൗകര്യക്കുറവ് കാരണമല്ല മറിച്ച് പൈലറ്റിന്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്ന് കേന്ദ്ര ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കിയിരിക്കെ വലിയ വിമാനങ്ങളുടെ സര്‍വ്വീസിനു അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ആയിരക്കണക്കിനു ഹാജിമാരും, പ്രവാസികളും ആശ്രയിക്കുന്നതും വലിയ വികസന പാതകള്‍ക്കു വഴിയൊരുക്കിയതുമായ കോഴിക്കോട് അന്താരാഷ്ട്ര വിമാത്താവളത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരണമന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ പി ടി എ റഹീം എം എല്‍ എ, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി മുഹമ്മദാലി സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *