2021 ലെ ഹജ്ജ് യാത്രക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. ഹജജ് കമ്മറ്റി
കോഴിക്കോട് :2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്.
2021 ലെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ പത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചിരുന്നത് . എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതും, കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരുമാസം കൂടി കൂട്ടിനല്‍കി കേന്ദ്ര ഹജ്ജ് മന്ത്രാലയം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
കേരളത്തില്‍ നിന്നും നാളിത് വരെ 4,545 ഓണ്‍ലൈന്‍ അപേക്ഷകളാണ് സംസ്ഥാന ഹജ് കമ്മിറ്റിക്കു ലഭിച്ചത്. ജനറല്‍ വിഭാഗത്തില്‍ 4,044 പേരും 45 വയസിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 501 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ പുതിയ സര്‍ക്കുലര്‍ പ്രകാരം ജനുവരി 10 വരെ ഓണ്‍ലൈന്‍ ആയി ഹജ്ജിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കു നിര്‍ദേശങ്ങളും സഹായവും നല്‍കാന്‍ സംസ്ഥാന ഹജ് കമ്മിറ്റി വിവിധയിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.