എം.ശിവശങ്കറിന്റെ പുസ്തകത്തിന് സർക്കാർ അനുമതി നിഷേധിച്ചു
ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതി നിഷേധിച്ച് സർക്കാർ. അഖിലേന്ത്യാ സർവീസ് ചട്ടം 7 പ്രകാരം പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണം. എന്നാൽ സർക്കാരിന്റെ മുൻകൂർ അനുമതി എം.ശിവശങ്കർ വാങ്ങിയിട്ടില്ല. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനാണ് സർക്കാർ അനുമതി നിഷേധിച്ചത്.
ആർക്കൊക്കെയോ വേണ്ടി ബലിമൃഗമായെന്ന കവർ കുറിപ്പോടെയാണ് ശിവശങ്കർ ആത്മകഥ പുറത്തിറക്കിയിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്ന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല എന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നു. പുസ്തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്. എം ശിവശങ്കർ ജയിൽ മോചിതനായി ഒരു വർഷം പൂർത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ പ്രചരിച്ചത് കടും നിറത്തിലുള്ള ആരോപണങ്ങളും ഊതിപ്പെരുപ്പിച്ച നുണകളുമാണ്. സ്വർണക്കടത്ത് കേസിൽ തന്റെ പേര് വലിച്ചിഴക്കപ്പെട്ടു. സ്വപ്നയുമായി പഴയ സുഹൃത്തായിരുന്നു. എന്നാൽ, സ്വപ്നയ്ക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടായിരുന്നു എന്നത് അപ്രതീക്ഷിതമായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്നയുടെ ആവശ്യം നിരസിച്ചു. പിന്നീട് സ്വപ്നയും ഭർത്താവും ഫ്‌ലാറ്റിലെത്തി വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഇടപെടാൻ കഴിയില്ലെന്ന് വീണ്ടും മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ആര്, ആർക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയെന്ന് കരുതുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പെരുംനുണ പറഞ്ഞു. മാധ്യമങ്ങൾ വേട്ടയാടി. സസ്പൻഷൻ ആവുന്നതിനു മുൻപ് അങ്ങനെ റിപ്പോർട്ട് നൽകി. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത് എന്നൊക്കെ ശിവശങ്കർ പുസ്തകത്തിൽ കുറിയ്ക്കുന്നു.