പോക്‌സോ കേസ് പ്രതിയായ അധ്യാപകന്റെ വീടിന് നേര്‍ക്ക് ആക്രമണം; അസഭ്യം വിളിച്ചു, കമ്പി വടികൊണ്ട് തലയ്ക്ക് അടിച്ചുവെന്ന് ഭാര്യ
കണ്ണൂരില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം. പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഹസന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.അക്രമികള്‍ കമ്പി വടി കൊണ്ട് തന്റെ തലയ്ക്ക് അടിച്ചെന്നും ഹസന്റെ ഭാര്യ സഫീറ പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് സഫീറ പറയുന്നു. ഹസനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ ആരോപിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഹസനെതിരെ പൊലീസ് കേസെടുത്തത്.
ഇരിട്ടി പാലാ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനാണ് ഹസന്‍. അക്രമികള്‍ അസഭ്യം വിളിച്ചെന്നും, തലമുടിക്ക് പിടിച്ചു വലിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഫീറ പറഞ്ഞു.