വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിലറിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
നാല് വര്‍ഷത്തോളം എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്ന എയര്‍ ബസ് എ 320 കലാവധി കഴിഞ്ഞതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെ വിമാനം ആക്രിവില്‍ക്കാന്‍ എ.ഐ. എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ലേലത്തില്‍ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം.