ആലപ്പുഴയിലെ വാഹനാപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടേത് അശ്രദ്ധ ഡ്രൈവിങ്ങെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ആലപ്പുഴയിലെ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടേത് അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിങ്ങ് ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ.
ഡ്രൈവര്‍ ശൈലേഷിന് ആലപ്പുഴ ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സിസിടിവി ദൃശ്യങ്ങള്‍, അപകട സ്ഥലത്ത് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി.
ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയില്‍ മാധവന്‍ ആചാരിയും മകനും ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് പിതാവ് മരിച്ചു.
സ്‌കൂട്ടറിന്റെ പിറകിലായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ മാധവന്‍ അപകട സ്ഥലത്ത് തന്നെ മരണമടഞ്ഞു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മാധവന്റെ മകന്‍ ഷാജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂര്‍ സ്വദേശിയാണ് കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെ.വി.ശൈലേഷ്. ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.