ശബരിമല മഹോത്സവം; ദക്ഷിണേന്ത്യൻ ദേവസ്വംകാര്യ മന്ത്രിമാരുമായി മന്ത്രി കെ.രാധാകൃഷ്ണൻ ചർച്ച നടത്തി
ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ ദേവസ്വംകാര്യ മന്ത്രിമാരുമായി മന്ത്രി കെ രാധാകൃഷ്ണൻ ചർച്ച നടത്തി. പുതുശേരി സാംസ്ക്കാരിക മന്ത്രി ചന്ദരിയ പ്രിയങ്ക, തമിഴ് നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.
ദർശന തീയതിയും സമയവും ഉറപ്പാക്കുന്ന വെർച്വൽ ക്യൂ വഴിയാണ് ഈ വർഷവും തീർത്ഥാടകരെ പ്രവേശിപ്പിക്കുകയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. ഐഡി കാർഡുള്ള തീർത്ഥാടകർക്ക് ചെങ്ങന്നൂരും നിലയ്ക്കലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ പരിശോധന കേരള പൊലീസ് നിർവഹിക്കും.
അന്യ സംസ്ഥാന തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയിൽ ഭക്ഷണ- വിശ്രമ – മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളും പമ്പാ നദിയിൽ വസ്ത്രങ്ങൾ ഒഴുക്കുന്നതും ഒഴിവാക്കാൻ സംസ്ഥാനങ്ങളിൽ ഇടപെടണമെന്നും കെ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.
15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾ പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി നിലയ്ക്കലിൽ പാർക്ക് ചെയ്യണം. മറ്റു വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. നിലയ്ക്കൽ – പമ്പ റൂട്ടിൽ കെ എസ് ആർ ടി സി ചെയിൻ സർവീസ് നടത്തും. പമ്പാ സ്നാനം കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് അനുവദിക്കും. കൂടുതൽ ഷവറുകൾ പമ്പയിൽ ഒരുക്കിയിട്ടുണ്ട്.
ദേവസ്വം സെക്രട്ടറി കെ ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്ത ഗോപൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.