Thursday, January 9, 2025
Kerala

പ്രഭാത വാർത്തകൾ

 

🔳മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവില്‍ ആണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അനില്‍ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

🔳കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിന് അംഗീകാരം നല്‍കി ഓസ്ട്രേലിയ. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സീന് അനുമതി നല്‍കിയത്. ഇനി മുതല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല.

🔳നരേന്ദ്ര മോദിയുടെ 2013 ലെ റാലിക്കിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചു. എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പട്‌നയില്‍ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്.

🔳കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തുവെന്നും എഫ്.ഐ.ആര്‍ പറയുന്നു. പോലീസ് കണക്കുകൂട്ടല്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജോജുവിന്റെ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.

🔳നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക പ്രസിഡന്റും നിര്‍മാതാവുമായ ബി. ഉണ്ണികൃഷ്ണന്‍. നടന്റെ വാഹനം തല്ലിത്തകര്‍ത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമര്‍ശം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

🔳നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത സംഭവത്തിലൂടെ കോണ്‍ഗ്രസിന്റെ ഗുണ്ടാ സംസ്‌കാരമാണ് പുറത്ത് വന്നത് എന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പ്രതികരിച്ചു. ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും സംഭവത്തിനുശേഷം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നുണ പറഞ്ഞുവെന്നും കെപിസിസി പ്രസിഡന്റ് ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്നതിനെ കുറിച്ച് ഈ നാവുകൊണ്ട് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നും എ എ റഹീം ചോദിച്ചു.

🔳കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

🔳ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തില്‍ കെജിഎംഒഎ പ്രഖ്യാപിച്ച നില്‍പ്പ് സമരം പിന്‍വലിച്ചു. സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരവും പതിനാറാം തീയതിയിലെ കൂട്ട അവധിയും മാറ്റിവച്ചു. ഒരു മാസത്തേക്കാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ നിര്‍ത്തിവച്ചത്. അതിനുള്ളില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും പരാതികള്‍ പരിഹരിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍.

🔳മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് ഇന്നലെ രാവിലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

🔳പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറവിലങ്ങാട് പൊലീസാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന വകുപ്പ് ചുമത്തി ബിഷപ്പിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഇമാം കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

🔳ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്. മഹാരാഷ്ട്രയില്‍ നിന്നുള്ള മലയാളി കാര്‍ത്തിക ജി നായരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാന, ദില്ലി സ്വദേശികളാണ് ഒന്നാം റാങ്ക് നേടിയ മറ്റു രണ്ടു പേര്‍. 17 റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന റാങ്ക്.

🔳കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1901 മുതലുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഒക്ടോബര്‍ എന്ന റെക്കോര്‍ഡ് ഈ വര്‍ഷത്തെ ഒക്ടോബറിന്. 2021 ഒക്ടോബറില്‍ കേരളത്തില്‍ പെയ്തിറങ്ങിയ മഴ 589.9 മില്ലി മീറ്ററാണ്. 1999 ഒക്ടോബറില്‍ പെയ്ത 566 മില്ലി മീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തെ നടുക്കിയ പ്രളയസമാനമായ മഴയില്‍ മാറിമറിഞ്ഞത്.

🔳മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.

🔳രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഇത്തവണയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമില്ല. കൊച്ചിയില്‍ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവണ പുനഃസ്ഥാപിക്കില്ല. മലബാര്‍ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ ഹജ്ജിന് അപേക്ഷിക്കുന്നതിനാല്‍ കരിപ്പൂര്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പരിഗണിച്ചില്ല.

🔳ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ കേവലം വാട്സാപ്പ് ചാറ്റുകളെമാത്രം അടിസ്ഥാനമാക്കി ആചിത് കുമാര്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാനാവില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്‍.സി.ബി.യുടെ റിപ്പോര്‍ട്ട് പ്രകാരം ആചിത് കുമാറാണ് ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍.സി.ബി.ക്ക് കഴിഞ്ഞിട്ടില്ല.

🔳ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയാകും എന്ന പ്രഖ്യാപനത്തോടെയാണ് ആംആദ്മി പാര്‍ട്ടി രംഗത്ത് ഇറങ്ങുന്നത്. 2017ല്‍ മത്സരിച്ച എല്ലാ സീറ്റിലും ഒന്നിലൊഴികെ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. എന്നാല്‍ ഇത്തവണ ശക്തമായ പ്രകടനം നടത്തുമെന്നാണ് തീരദേശ സംസ്ഥാനത്തിലെ ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ആംആദ്മി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്കും മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും, സായിബാബ വിശ്വാസികള്‍ക്ക് ഷിര്‍ദ്ദിയിലേക്കും സൌജന്യ യാത്ര ഒരുക്കും എന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

🔳മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ നിന്നും ഫ്രാന്‍സ് 48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിനോട് ബ്രിട്ടന്‍. എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

🔳ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ തോല്‍വിക്ക് ശേഷമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രതികരണത്തിനെതിരെ ഇതിഹാസ താരം കപില്‍ ദേവ്. കോലിയെ പോലൊരു വലിയ താരത്തില്‍ നിന്നുള്ള വളരെ ദുര്‍ബലമായ പ്രസ്താവനയാണിത്. ഇത്തരത്തിലാണ് ടീമിന്റെ ശരീരഭാഷയും നായകന്റെ ചിന്തയുമെങ്കില്‍ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാകും. കോലിയുടെ വാക്കുകള്‍ എനിക്ക് വിചിത്രമായി തോന്നി. കോലി അത്തരമൊരു താരമല്ല. അയാളൊരു പോരാളിയാണ്. ധൈര്യമില്ലായിരുന്നു എന്ന് ഒരു നായകന്‍ പറയാന്‍ പാടില്ല. നിങ്ങള്‍ രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്നയാളാണ്. അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടും. കപില്‍ദേവി പറഞ്ഞു.

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി. തുടര്‍ച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ മൂന്നാം തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങി.

🔳സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണ തുടര്‍ പരാജയങ്ങളില്‍ വലയുമ്പോള്‍ ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഇതിഹാസ താരമായ ലിയോണല്‍ മെസി പിഎസ്ജിക്കായി കളിക്കുകയാണ്. സാമ്പത്തിക നടപടിക്രമങ്ങളെത്തുടര്‍ന്ന് മെസിയുമായുള്ള കരാര്‍ പുതുക്കാനാവാതെ വന്നതോടെയാണ് ഈ സീസണില്‍ മെസി ഫ്രീ ട്രാന്‍സ്ഫറില്‍ പിഎസ്ജിയിലേക്ക് പോയത്. പി എസ് ജിയുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് മെസി ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍ പി എസ് ജിയുമായുള്ള കരാര്‍ തീരുമ്പോള്‍ കുടുംബവുമൊത്ത് ബാഴ്സസയിലേക്ക് തിരികെ പോകുമെന്നും ബാഴ്സയില്‍ ടെക്നിക്കല്‍ ഡയറക്ടറുടെ സ്ഥാനം ആഗ്രഹിക്കുന്നുവെന്നും മെസി വ്യക്തമാക്കി. രണ്ടദശകത്തോളം ബാഴ്സക്കൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ താന്‍ വല്ലാതെ മിസ് ചെയ്യുന്നുവെന്നും മെസി വ്യക്തമാക്കി.

🔳കേരളത്തില്‍ ഇന്നലെ 51,577 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 58 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,049 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേര്‍ രോഗമുക്തി നേടി. ഇതോടെ 76,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,64,506 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70.

🔳ആഗോളതലത്തില്‍ ഇന്നലെ 3,09,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 27,745 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,077 പേര്‍ക്കും റഷ്യയില്‍ 40,402 പേര്‍ക്കും തുര്‍ക്കിയില്‍ 28,678 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.83 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,137 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 283 പേരും റഷ്യയില്‍ 1,155 പേരും ഉക്രെയിനില്‍ 298 പേരും റൊമാനിയായില്‍ 311 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.19 ലക്ഷമായി.

🔳നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ അറ്റ നഷ്ടത്തില്‍ വര്‍ധന. 4,441 കോടി രൂപയുടെ നഷ്ടമാണ് ടാറ്റാ മോട്ടോര്‍സിന് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 314 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. അതേ സമയം ടാറ്റാ മോട്ടോര്‍സിന്റെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം 53,530 കോടിയായിരുന്ന വരുമാനം ഈ പാദത്തില്‍ 31,378 കോടിയിലെത്തി. കമ്പനിയുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 8.4 ശതമാനമായി ചുരുങ്ങി. ടാറ്റാ മോട്ടോര്‍സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറും നഷ്ടം രേഖപ്പെടുത്തി. 3.9 ബില്യണ്‍ പൗണ്ട് വരുമാനം നേടിയ കമ്പനിയുടെ നഷ്ടം 302 മില്യണ്‍ പൗണ്ടാണ്.

🔳സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ എഫ്എംസിജി വിപണി അര ശതമാനം ശോഷിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യോല്‍പ്പന്നങ്ങളിലെ ഉപഭോഗം കുറഞ്ഞതാണ് പ്രധാനമായും ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തില്‍ വില്‍പ്പന കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. നഗരപ്രദേശങ്ങളില്‍ 2.6 ശതമാനം വിപണി ഇടിഞ്ഞപ്പോള്‍ ഗ്രാമീണ മേഖലയില്‍ 1.60 ശതമാനം വില്‍പ്പന കൂടിയെന്ന് കണ്‍സ്യൂമര്‍ റിസര്ച്ച് സ്ഥാപനമായ കാന്റാര്‍ വേള്‍ഡ് പാനല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ടാറ്റ കണ്‍സ്യൂമര്‍, മാരികോ തുടങ്ങിയ കമ്പനികള്‍ ഉല്‍പ്പന്ന വില്‍പ്പനയില്‍ ഇക്കാലയളവില്‍ ഒറ്റയക്ക വളര്‍ച്ച മാത്രമാണ് നേടിയിരിക്കുന്നത്.

🔳നടി അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ‘തോന്നല്’ കണ്ടത് പതിമൂന്ന് ലക്ഷത്തിലധികം പേര്‍. ഷെഫ് ആയി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആല്‍ബം മണിക്കൂറുകള്‍ക്കകം ട്രെന്റിങ് ലിസ്റ്റില്‍ ഇടംനേടി. അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകള്‍ സ്റ്റാര്‍ ഹോട്ടലില്‍ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുകയാണ് തോന്നലില്‍. കുട്ടി താരമായ തെന്നല്‍ അഭിലാഷ് ആണ് അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്. ഷാഹിം സഫര്‍, അമിത് മോഹന്‍, ഫര്‍ഹ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആല്‍ബത്തിനു വേണ്ടി ഷറഫു ആണ് വരികളെഴുതിയിരിക്കുന്നത്. ഹനിയ നഫിസ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

🔳മലയാളികളുടെ പ്രയ യുവതാരങ്ങളില്‍ ഒരാളാണ് നീരജ് മാധവ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’ പാട്ട് പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാഗം വരുന്നു. പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് വിട്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാട്ടിന്റെ ടീസര്‍ പങ്കുവെച്ചത്.’ഹാപ്പി ഹാലോവീന്‍. ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി 2′ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

🔳കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയുമായി ടിവിഎസിന്റെ ഇലക്ട്രിക് ഇരുചക്രവാഹനമായ ഐക്യൂബ്. 2020 സെപ്റ്റംബര്‍ മാസത്തേക്കാള്‍ വില്‍പ്പനയില്‍ 10,843 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടിവിഎസ് ഐക്യൂബ് നേടിയത്. അതായത്, 2020 സെപ്റ്റംബറില്‍ വെറും ഏഴ് യൂണിറ്റുകള്‍ മാത്രം വിറ്റപ്പോള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ 766 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 4.4 കിലോ വാട്ട് ഇലക്ട്രിക് മോട്ടോര്‍ പായ്ക്കോടുകൂടിയാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരപരിധിയാണ് ഈ മോഡലിന് കമ്പനി അവകാശപ്പെടുന്നത്.

🔳’ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍’ എന്ന പുസ്തകത്തില്‍ സമകാലിക ലോക സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉള്‍കൊള്ളുന്നത്. ഫസല്‍ റഹ്‌മാന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 199 രൂപ.

🔳പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. എന്നാല്‍ ഇത് കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വലിയരീതിയില്‍ ദോഷം ചെയ്യും. ചില മുട്ടകളില്‍ കാണപ്പെടുന്ന അപകടകരമായ ബാക്ടീരിയ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബാക്ടീരിയ അടങ്ങിയ മുട്ടകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) വിശദീകരിക്കുന്നു. മുട്ടയുടെ വെള്ളയില്‍ പിങ്ക് കലര്‍ന്ന നിറം കണ്ടാല്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. മുട്ടയുടെ സാധാരണ നിറം മാറുന്നത് സ്യൂഡോമോണസ് ബാക്ടീരിയയുടെ ലക്ഷണമാകാം. ഈ ബാക്ടീരിയ ബാധിച്ച മുട്ട കഴിക്കുന്നത് ഭക്ഷ്യവിഷബാധയോ ഗുരുതരമായ പ്രശ്‌നമോ ഉണ്ടാക്കും. ഈ ബാക്ടീരിയ മുട്ടയില്‍ ഇളം പച്ചയും വെള്ളത്തില്‍ ലയിക്കുന്നതുമായ ദ്രാവകം ഉത്പാദിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ വെള്ള ഭാഗത്ത് എന്തെങ്കിലും മാറ്റം കണ്ടാല്‍ അത് കഴിക്കരുത്. ഈ മുട്ടയില്‍ സ്യൂഡോമോണസ് ബാക്ടീരിയ ബാധിക്കാം. പൗള്‍ട്രി സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കേടായ മുട്ടകളുടെ മണത്തിനും വ്യത്യാസമുണ്ടാകാം. വെളുത്തതും നാരുകളുള്ളതുമായ പാളി അത്തരം മുട്ടകളുടെ മഞ്ഞക്കരുവില്‍ ലഭിക്കുന്നു, അത് പിന്നീട് ഇളം തവിട്ട് നിറമാകും. എന്നാല്‍ മുട്ടയുടെ വെള്ള നിറം മാറുന്നത് എല്ലായ്‌പ്പോഴും കേടാകുന്നതിന്റെ ലക്ഷണമല്ല. മുട്ടയുടെ മഞ്ഞക്കരു ചില സമയങ്ങളില്‍ കോഴിയുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. മുട്ടകള്‍ വരുന്ന അതേ പെട്ടിയില്‍ തന്നെ സൂക്ഷിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 45 ഡിഗ്രി ഫാരന്‍ഹീറ്റോ അതില്‍ കുറവോ താപനിലയില്‍ ഫ്രിഡ്ജില്‍ മുട്ടകള്‍ സൂക്ഷിക്കണം. ഇത് മുട്ട കേടാകാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നു.

*ശുഭദിനം*

ഒരു ദിവസം ക്ലാസ് മുറിയില്‍ ടീച്ചര്‍ വിദ്ധ്യാര്‍ത്ഥികളോട് സ്നേഹം പ്രകടമാകുന്ന എന്തെങ്കിലുമായി വരാന്‍ പറഞ്ഞു. നാല് പണ്‍കുട്ടികളെ പുറത്തേക്കയച്ചു. ഒരു റോസാപൂവുമായി ആദ്യം ഒരു പെണ്‍കുട്ടി മടങ്ങിയെത്തി ഒരു പൂമ്പാറ്റയുമായി രണ്ടാമത്തെ ആളും ഒരു കുഞ്ഞിക്കിളിയുമായി മൂന്നാമത്തെയാളുമെത്തി. ആദ്യം പോയ പെണ്‍കുട്ടി കയ്യില്‍ ഒന്നുമില്ലാതെ അവസാനം തിരിച്ചെത്തി. നീയൊന്നും കൊണ്ടുവന്നില്ലേ എന്ന ടീച്ചറുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു. ടീച്ചര്‍ ഞാനാദ്യം റോസാചെടിയില്‍ ഒരു പൂവ് കണ്ടു. നല്ല ഭംഗിയുണ്ടായിരുന്നു പറിക്കാന്‍ തോന്നിയില്ല.ഒരു പൂമ്പാറ്റയെ കണ്ടു പാറിപറന്നു നടക്കുന്ന പൂമ്പാറ്റയെ കാണാന്‍ നല്ല രസമായിരുന്നു. അതങ്ങനെ സ്വതന്ത്രമായി പറക്കട്ടെ എന്നു കരുതി ഞാനതിനെ പിടിച്ചില്ല ഒരു കുഞ്ഞിക്കിളിയെ കണ്ടു. ഞാനതിനെ എടുത്തോണ്ട് വന്നാല്‍ പാവം അമ്മക്കിളി വന്നാല്‍ കുഞ്ഞിനെ കാണാതെ വിഷമിക്കില്ലെ അതുകൊണ്ട് ഞാനൊന്നും എടുക്കാതെയിങ്ങ് പോന്നു ടീച്ചര്‍.ടീച്ചര്‍ ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു മറ്റു കുട്ടികളോടായ് പറഞ്ഞു സ്നേഹം എന്നാല്‍ ഇതാണ്. ആര്‍ക്കും ഒന്നും കൊടുക്കണമെന്നില്ല ഒന്നും തട്ടിപറിക്കാതിരുന്നാല്‍ അതിനെയും നമുക്ക് സ്നേഹം എന്ന് വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *