Tuesday, April 15, 2025
Kerala

ജീവിതം പാർട്ടിക്ക് സമർപ്പിച്ച സമുന്നത നേതാവ്, രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം, കോടിയേരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം:സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി നേതാവ്, നിയമസഭാ സാമാജികന്‍, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളമാകെ വേരുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്‌എഫ്‌ഐയെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. മതനിരപേക്ഷതയില്‍ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വര്‍ഗ്ഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നില്‍ നിന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാര്‍ട്ടി വലിയ വെല്ലുവിളികള്‍ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അതിനിര്‍ണായക പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *