എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും നന്മ ചെയ്യാനും മുൻകൈയെടുത്ത നേതാവ്:കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ
രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. എല്ലാ മതങ്ങൾക്കുമിടയിൽ പരസ്പര സ്നേഹം ഉണ്ടാക്കുന്നതിലും കേരളത്തിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
ഏറെ കാലമായി അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. സുന്നി സംഘടനകളുടെ വേദികളിലും മർകസ് സമ്മേളന സദസുകളിലും ക്ഷണിക്കുമ്പോഴെല്ലാം അദ്ദേഹം പങ്കെടുക്കാറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്കും സുന്നി പ്രസ്ഥാനത്തിനുമിടയിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും നിലനിൽക്കുമ്പോഴും ആരോഗ്യപരമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. മർകസടക്കമുള്ള സുന്നി സ്ഥാപനങ്ങൾക്ക് തന്റെ ഇടപെടലുകൾ കൊണ്ട് ന്യായമായ ഒട്ടനവധി സഹായങ്ങൾ അദ്ദേഹം ചെയ്തുതന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങളെയും സഹായങ്ങളെയും ഈ അവസരത്തിൽ ഏറെ മൂല്യതയോടെ സ്മരിക്കുന്നുവെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.