കേരളത്തിൽ സ്കൂളുകൾ തുറക്കില്ല
_കേരളത്തിൽ സ്കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. തിയേറ്ററുകളും മൾട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിർദേശവും കേരളം ഇപ്പോൾ നടപ്പാക്കില്ല._
_നാലാംഘട്ട തുറക്കൽ മാർഗനിർദേശങ്ങളിൽ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകൾക്ക് നൂറുപേർവരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനൽകിയത്._
_വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിയന്ത്രണം തുടരും._
_സാമൂഹിക അകലം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടി. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്‌ട്രേറ്റുമാർ 144 പ്രഖ്യാപിക്കണം. കൺടെയ്‌ൻമെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കർശന നിയന്ത്രണമുണ്ടാകും._