Saturday, January 4, 2025
Kerala

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം: രോഗികൾക്ക് പരാതി പരിഹാര സമിതിയുമായി ഐഎംഎ

കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്‍മാരും മാനേജ്മെന്‍റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കും.

സ്വകാര്യ ആശുപത്രികളില്‍ രോഗികളുടേയും ബന്ധുക്കളുടേയും പരാതികള്‍ കേള്‍ക്കാന്‍ സംവിധാനമില്ലാത്തതും ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഐ എം എയുടെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാര സമിതികളൊരുങ്ങുന്നത്. കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും തമ്മിലുളള ബന്ധം ഊഷ്മളമാക്കുക എന്നൊരു ലക്ഷ്യം കൂടി ഐഎംഎ നടപ്പാക്കുന്ന പരാതി പരിഹാര സെല്ലിന് പുറകിലുണ്ട്.

ഐഎംഎ യുടെ കോഴിക്കോട് ഘടകത്തിന് കീഴിലുളള ആശുപത്രിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സെല്ലുകൾ ഒരുങ്ങുന്നത്. ഡോക്ടര്‍മാര്‍, ആശുപത്രി പിആർഒ, സൂപ്രണ്ട്, മാനേജ്മെന്‍റ് പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാകും സമിതി. സമിതിയുടെ ചുമതലക്കാര്‍ ആരൊക്കെയാണെന്ന കാര്യം വ്യക്തമായി ആശുപത്രികളിൽ എഴുതി പ്രദർശിപ്പിക്കും. സെല്‍ സ്വീകരിക്കുന്ന സമീപനത്തില്‍ തൃപ്തരല്ലെങ്കിൽ ഐഎംഎയെ നേരിട്ട് സമീപിക്കാം. പ്രശ്നപരിഹാരത്തിനായി മുതിർന്ന ഡോക്ടർമാരുടെ പാനൽ ഇതിനുവേണ്ടിയുണ്ട്. സർക്കാർ ആശുപത്രികളിലെ പരാതി പരിഹാര സംവിധാനത്തോട് സാമ്യമുളള പദ്ധതിക്ക് സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *