കൊച്ചിയിലെ വെള്ളക്കെട്ടിനു കാരണം തോടുകൾ ശുചീകരിക്കാത്തതല്ല’; മൈനർ ഇറിഗേഷൻ വകുപ്പിന്റെ പഠന റിപ്പോർട്ട്
കൊച്ചിയിലെ തോടുകൾ ശുചീകരിക്കാത്തതല്ല, സംഭരണശേഷിയിലെ കുറവാണ് വെള്ളക്കെട്ടിന് കാരണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ പഠന റിപ്പോർട്ട്. കയ്യേറ്റങ്ങൾ മൂലം തോടുകൾ ശോഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വർഷവും റോഡുകളുടെ ശുചീകരണത്തിനായി നഗരസഭ മുടക്കിയത് കോടികളെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു.
അനധികൃതമായ കൈയേറ്റവും തൊടുകളിൽ ചെളി അടിയുന്നതും തോടുകളുടെ സംഭരണശേഷി കുറയാൻ കാരണമായെന്ന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. ഡ്രെയിനേജ് അടച്ചുള്ള നിർമാണ പ്രവർത്തനവും വെള്ളക്കെട്ടിന് കാരണം ആയി. ഒരുകാലത്ത് ജലഗതാഗതം സാധ്യമായിരുന്ന കൊച്ചിയിലെ കനാലുകൾ ഇപ്പോൾ പലയിടത്തും കാണാൻ പോലുമില്ല. നിലവിലുള്ള കനാലുകളുടെ വീതിയാകട്ടെ ഏതാനും മീറ്ററുകൾ മാത്രം.
കൊച്ചി നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ മേയർക്കും നഗരസഭക്കും എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആദ്യഘട്ടത്തിൽ പല പദ്ധതികളും ആരംഭിച്ച് ക്രെഡിറ്റ് നേടിയെടുക്കുന്ന മേയർ പിന്നീട് ആ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാറില്ല. മേയറുടെ വൺ മാൻ ഷോ ആണ് നഗരസഭയിൽ നടക്കുന്നത്. വെളളക്കട്ടിനെ കുറിച്ചുള്ള മേയറുടെ പ്രതികരണം ജനങ്ങളെ വിഢികൾ ആക്കുന്ന രീതിയിൽ ആണെന്നും എന്നും കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
വെളളക്കെട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ട് വച്ച കാര്യങ്ങൾ ഒന്നും ഇരുവരെയും ചെയ്തിട്ടില്ല. അടിയന്തര കൗൺസിൽ ചേർന്ന് ഏകോപനത്തോടെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യം ഉണ്ട്.
കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ 24നോട് പറഞ്ഞിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ പറഞ്ഞു.
2018ലെ പ്രളയത്തിൽ കൊച്ചിയിലുണ്ടായി വെള്ളക്കെട്ടാണ് ഇപ്പോഴും ഉണ്ടായത്. വേലിയേറ്റമുണ്ടായതും തോരാതെ മഴപെയ്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കാനകളിലെ മാലിന്യം നഗരസഭ മാറ്റിയാലും വീണ്ടും ജനങ്ങൾ ഇത് ആവർത്തിക്കുന്നു എന്നും മേയർ കുറ്റപ്പെടുത്തി.
തോടുകളും കാനകളും കോരുമ്പോഴും വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണെന്ന് മേയർ പറയുന്നു.
നിലവിൽ കൊച്ചിയിൽ നിർമിച്ചിരിക്കുന്ന മാൻ ഹോളുകൾ പര്യാപ്തമല്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂ കൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ സാഹചര്യം പ്രത്യേകമായി കണ്ട് സർക്കാർ ഇടപെടണമെന്നും മേയർ ആവശ്യപെട്ടു.