ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം തൃശ്ശൂരിൽ പിടിയിൽ
തൃശ്ശൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ പൊഞ്ഞനം സ്വദേശികളായ രാജേഷ്, സാനു, സഹജൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 20ന് പൊഞ്ഞനം നീരോലി, മതിരമ്പിള്ളി ക്ഷേത്രങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം വിലവരുന്ന ദീപസ്തംഭങ്ങൾ മോഷണം പോയിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായത്.
രാജേഷും സാനുവുമാണ് അമ്പലങ്ങളിൽ മോഷണം നടത്തിയിരുന്നത്. ഇതിന് പിന്നാലെ സഹജന്റെ ഓട്ടോ ടാക്‌സിയിൽ ഇവർ വിളക്കുകൾ വിൽപ്പനക്കായി നടക്കുകയായിരുന്നു. സഹജനെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജേഷും സാനുവും കുടുങ്ങിയത്. മോഷണമുതലുകൾ രാജേഷിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.