ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണം; രാത്രി കര്‍ഫ്യൂ ആവശ്യമില്ല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യവിദഗ്ധരുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രികാല യാത്ര നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ദർ നിര്‍ദേശം നൽകി.
സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ നിർദേശിച്ചു. കേരളത്തിൽ നിലവിലുള്ള രോഗവ്യാപനത്തിൽ കാര്യമായ ആശങ്ക വേണ്ടെന്നും വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തിന്റെ തോതു നിയന്ത്രിക്കാനാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
കോവിഡ് ബാധിതരെ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന്റെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമല്ല എന്നതിന്റെ എന്നതിന്റെ സൂചനയാണെന്നും കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്നും വിദഗ്ദർ വിലയിരുത്തി. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകള്‍ തുറക്കാമെന്നും ആരോഗ്യവിദഗ്ധരുടെ യോഗത്തിൽ നിർദേശമുയർന്നു.