Monday, April 14, 2025
Kerala

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല

തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച്‌ നിര്‍ത്താന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാല്‍ ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.ക്ലാസുകളെല്ലാം ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുള്ളൂ. വര്‍ക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്ബ്, പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും രാത്രി 9 ന് ശേഷം പാര്‍സല്‍ വിതരണം പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ ആരാധനകള്‍ ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികള്‍ ഇടക്ക് വിലയിരുത്തും.

അതേസമയം, സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം അതിരൂക്ഷമാവുകയാണ്. അഞ്ച് ലക്ഷത്തില്‍ താഴെ വാക്സീന്‍ മാത്രമാണ് ആകെ സ്റ്റോക്കുള്ളത്. തിരുവനന്തപുരത്ത് ആകെ ഉള്ളത് 1500 ഡോസ് കൊവീഷീല്‍ഡാണ്. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും വാക്സീന്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള വാക്സീന്‍ തീരും വരെ കുത്തിവയ്പ് നല്‍കും. രണ്ടാം ഡോസ് വാക്സീന്‍ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും കുത്തിവയ്പ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *