ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് എൻഎസ്എസ് ശ്രമം: എ കെ ബാലൻ
സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുന്നുവെന്ന് എ കെ ബാലൻ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ല എന്നും താൻ വ്യക്തിപരമായി അദ്ദേഹത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നില്ല എന്നും എ കെ ബാലൻ പറഞ്ഞു.
ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് ശ്രമമെന്നും, ആർ എസ് എസ്സിന്റെ ദുഷ്ടലാക്കാണിതെന്നും എ കെ ബാലൻ മറുപടി നൽകി. രാഷ്ട്രീയ ഹിന്ദുത്വം നടത്തുന്ന അജണ്ടയെ ശക്തമായി എതിർക്കുന്നെന്നും സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അതിനെ വളച്ചോടിച്ചെന്നും എ കെ ബാലൻ വ്യക്തമാക്കി. താൻ പറയുന്നത് രാഷ്ട്രീയമായിട്ടാണ് വ്യക്തിപരമായിട്ടല്ല എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
സ്പീക്കർ വിഷയത്തിൽ സിപിഐഎം നേതാവ് എ കെ ബാലനെ പരിഹസിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. എ കെ ബാലൻ വെറും നുറുങ്ങ് തുണ്ട്. എ കെ ബാലനൊക്കെ ആര് മറുപടി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
‘എ കെ ബാലന് ആര് മറുപടി പറയും. അദ്ദേഹം ഒരു നുറുങ്ങ് തുണ്ടായി പോയി കഴിഞ്ഞു. വിഷയത്തെ വർഗീയമായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. വിശ്വാസമാണ് ഒരു മനുഷ്യനെ നയിക്കുന്നത്. ശാസ്ത്രത്തിന് ഒരു അടിസ്ഥാനവുമില്ല.ശാസ്ത്രം ഗണപതിയുടെ മേൽ അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണം.
ഇത്ര നാളായി ഷംസിറിനെ പറ്റി എൻഎസ്എസ് ഒന്നും പറഞ്ഞിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നല്ല ആളുകളാണ് അവരിൽ ഏറെയും. എന്നാൽ ചില പുഴുക്കുത്തുകളുമുണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും സുകുമാരൻ നായർ പറഞ്ഞു. ഷംസീറിന്റെ പേരല്ല പ്രശ്നം. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.