Monday, January 6, 2025
Kerala

ശാസ്ത്രം ഗണപതിയ്ക്ക് മാത്രം മതിയോ? മറ്റ് മതങ്ങള്‍ക്ക് വേണ്ട? ഇത് ശബരിമല പ്രക്ഷോഭത്തിന് സമാനം: ജി സുകുമാരന്‍ നായര്‍

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എ എന് ഷംസീറിനോട് രാജി വയ്ക്കാനല്ല എന്‍എസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധമാണ്. ആ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചു. എല്ലാ മതങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കും. ഇത് സൂചന മാത്രമാണ്. ശബരിമല പ്രക്ഷോഭത്തിന് സാമനമാണ് പ്രതിഷേധങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീര്‍ ഏറ്റു പറയണം. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ മറ്റു മതങ്ങള്‍ക്ക് വേണ്ടേയെന്ന് സുകുമാരന്‍ നായര്‍ ചോദിക്കുന്നു. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ഗണപതി മിത്താണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? സ്വര്‍ഗത്തില്‍ ഹൂറിമാര്‍ ഉണ്ടെന്ന് പറയുന്നവര്‍ സ്വര്‍ഗത്തില്‍ നേരില്‍പോയി കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ജി സുകുമാരന്‍ നായരാണ് മാപ്പ് പറയേണ്ടതെന്ന എ കെ ബാലന്റെ വിമര്‍ശനങ്ങള്‍ക്കും എന്‍എസ്എസ് മറുപടി നല്‍കി. എ കെ ബാലനൊക്കെ ആര് മറുപടി പറയുമെന്നായിരുന്നു ജി സുകുമാരന്‍ നായരുടെ പരിഹാസം. എകെ ബാലന്‍ വെറും നുറുങ്ങ് തുണ്ടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ വഴി വരേണ്ടിവരുമെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര ഇന്ന് നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *