Tuesday, January 7, 2025
Kerala

ഷംസീറിനെതിരെ നാളെ നാമജപ പ്രതിഷേധം’; ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ്

സ്പീക്കർക്കെതിരെ വീണ്ടും എൻഎസ്എസ്. സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്.വിശ്വാസികൾ ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ് സിർക്കുലറിൽ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് എൻഎസ്എസ് അറിയിച്ചു.

ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.എൻഎസ്എസിന് സംഘപരിവാറിന്റെ സ്വരമാണെന്നും സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.

ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *