Monday, January 6, 2025
Kerala

സർക്കാർ സർവീസിലുള്ളയാൾ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും; മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലുള്ളയാൾ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയുള്ള നിയമനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കളക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്‍റെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിന്‍റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്‍റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.

ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീരാമിനേക്കാൾ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇതിനകം കളക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. 2019 ലാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *