ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി; രാജ്യത്തെ ആകെ കേസുകള്‍ 9 ആയി
ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 9ഉം ഡല്‍ഹിയിലെ കേസുകള്‍ മൂന്നും ആയി.
ഇന്നലെയും ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ സ്വദേശിക്ക് കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്ന് കേരളത്തില്‍ ഒരാള്‍ക്കും കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗബാധയുണ്ടായി. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.
യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്.
തൃശൂര്‍ കുരഞ്ഞിയില്‍ മരിച്ച യുവാവിനാണ് രാജ്യത്താദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്.