കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഒഴുക്കില്‍പ്പെട്ടാണ് രണ്ടര വയസുകാരിയെ കാണാതായത്. പേരാവൂര്‍ മേലെവെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ കണ്ണൂര്‍ പേരാവൂരില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. പേരാവൂരില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പേരാവൂര്‍ നെടുംപോയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കണിച്ചാറിലും പൂളക്കുറ്റിയിലും ഉള്‍പ്പെടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെടുംപോയിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
കോട്ടയം തീക്കോയി മാര്‍മല അരുവിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായെന്നും വിവരമുണ്ട്. തീക്കോയി പഞ്ചായത്തിലെ ഒറ്റഈട്ടിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.