വയനാട് മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: മീനങ്ങാടി പുഴങ്കുനിയില്‍ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്‍റെ മകളാണ് ശിവപാർവണ. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.
ഷിജുവിന്‍റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാര്‍വണയെ കാണാതായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. നാട്ടുകാരാണ് പുഴക്ക് സമീപത്ത് ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്‍റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുഴയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയും കുട്ടിയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.