Tuesday, April 15, 2025
Kerala

ബ്രഹ്മപുരത്ത് വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷം

ബ്രഹ്മപുരത്ത് വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷം. കത്തിത്തീർന്ന പ്ലാസ്റ്റിക് മാലിന്യം ടാർപോളിൻ ഷീറ്റ് വെച്ച് മൂടുന്നതിനടക്കം ക്ഷണിച്ച ടെണ്ടർ മണിക്കൂറുകൾക്കുള്ളിൽ കോർപ്പറേഷൻ ക്യാൻസൽ ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തി പറഞ്ഞു. പുതിയ ക്വട്ടേഷൻ ക്ഷണിക്കുന്നതിന് മുൻപേ ബ്രഹ്മപുരത്ത് പ്രവൃത്തികൾക്കുള്ള നടപടികൾ തുടങ്ങിയത് ദുരൂഹമെന്നാണ് ആരോപണം. അതേസമയം ബ്രഹ്മപുരം തീപിടുത്തം അന്വേഷിക്കുന്ന വിജിലൻസ് സംഘം കോർപ്പറേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയാണ്.

കത്തിത്തീർന്ന മാലിന്യം മഴയിൽ ഒലിച്ച് പ്രദേശത്തെ ജലാശയങ്ങളിലേക്ക് പടരാതിരിക്കാനായി ടാർപോളിൻ ഷീറ്റ് വിരിക്കുക, മാലിന്യം ഒഴുകി പോകാതിരിക്കാൻ കിടങ്ങ് നിർമ്മിക്കുക അടക്കമുള്ള പ്രവൃത്തികൾക്കായാണ് കൊച്ചി കോർപറേഷൻ മെയ് 31 ന് ടെണ്ടർ ക്ഷണിച്ചത്. പക്ഷേ അത് ഇന്ന് രാവിലെ ക്യാൻസൽ ചെയ്തെന്നാണ് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തയുടെ ആരോപണം.

ക്വട്ടേഷൻ ക്ഷണിക്കാനാണ് ടെണ്ടർ ക്യാൻസൽ ചെയ്തതെന്ന് കോർപ്പറേഷൻ വിശദീകരിക്കുന്നുണ്ടെന്നും അതിന് മുൻപ് തന്നെ ബ്രഹ്മപുരത്ത് ഈ പ്രവൃത്തികൾക്കായി എങ്ങിനെ സാധന സാമഗ്രികൾ എത്തിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. അതിനിടെ ബ്രഹ്മപുരം തീ പിടുത്തം അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിൻ്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കോർപ്പറേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ രാജേഷിനെ എറണാകുളം വിജിലൻസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. ബ്രഹ്മപുരം ഫയലുകളും മറ്റും കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *