Monday, January 6, 2025
Kerala

‘കക്കുകളിയാണെങ്കിലും കൊക്കുകളിയാണെങ്കിലും ശരിയല്ല’: വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കക്കുകളി നാടക വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരള സ്റ്റോറി നിരോധിക്കേണ്ടത് ജനങ്ങളാണ്. ജനം സിനിമ ബഹിഷ്കരിക്കണം. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്റെ വഴി സർക്കാർ നോക്കുന്നുണ്ട്. പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അജണ്ടയാണ് കേരളാ സ്റ്റോറി സിനിമക്ക് പിന്നിൽ. അത് കേരള സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കക്കുകളി നാടകത്തിൽ കെസിബിസിയുടെ നിലപാടാണ് വരാപ്പുഴ അതിരൂപതക്കെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രതികരിച്ചു. കേരള സ്റ്റോറി വിഷയത്തിൽ ഉണ്ടായ രീതിയിൽ കക്കുകളി വിവാദത്തിൽ കാര്യമായ പ്രതികരണം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കക്കുകളി പ്രദർശനം കേരളത്തിൽ നിരോധിക്കണമെന്ന് കർദ്ദിനാൾ ക്ലീമിസ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. നാടകത്തിൽ പ്രത്യേകമായി എന്ത് കലാമൂല്യമാണുള്ളത്? സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച് അവഹേളിക്കുന്ന നീചമായ പ്രവർത്തിയാണ് നാടകം. കക്കുകളി വിഷയത്തിൽ സർക്കാരിനെ ആദ്യം ബോധ്യപ്പെടുത്തട്ടെ, അതിന് ശേഷം കേരളാ സ്റ്റോറി സിനിമയെ കുറിച്ച് പ്രതികരിക്കാം. കക്കുകളിയടക്കം കേരളത്തിൽ മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിഭാഗീയത, വിഭിന്നത ഇവയ്ക്ക് മുൻതൂക്കം കിട്ടുന്നത് ശ്രദ്ധയോടെ കാണണം. ഇവയെ അതിജീവിക്കാൻ കഴിയണം. അരാഷ്ട്രീയ വാദം വർഗീയത വർദ്ധിപ്പിക്കും. തികഞ്ഞ രാഷ്ട്രീയ ബോധം വളർച്ചയ്ക്ക് അവശ്യമാണ്. എല്ലാവരെയും മാനിക്കുന്ന, പരിഗണിക്കുന്ന, ദുർബലരായ സഹായിക്കുന്ന അവബോധം എല്ലാവർക്കും ലഭിക്കട്ടെ. ഇന്ത്യയുടെ ഊഷ്മളത എല്ലാവരെയും ഒരുപോലെ കാണുന്നതാണെന്നും ക്ലീമിസ് കതോലിക്ക ബാവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *